തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ശരിവെച്ച് ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. എന്നാൽ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. റിപ്പോർട്ട് കണ്ടതിനുശേഷമേ പ്രതികരിക്കാനാകുവെന്നും ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് കാണാതെ നടപടിയുണ്ടാകുമോയെന്ന് പറയാനാകില്ല . ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ല എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ ശനിയാഴ്ചയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.