തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ സിപിഎം മന്ത്രിമാര്‍. തന്റെ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറ് ചെയ്തും കായല്‍ കയ്യേറിയതുമടക്കം തോമസ് ചാണ്ടിക്കെതിരായ അഴിമതി ആറോപണങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടും വിഷയത്തോട് പ്രതികരിക്കാന്‍ സിപിഎം മന്ത്രിമാര്‍ തയ്യാറായില്ല.

തോമസ് ചാണ്ടി നടത്തിയ അഴിമതിയെക്കുറിച്ചുള്ള മാധ്യമനപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ മന്ത്രിമാരായ ജി.സുധാകരനും എ.കെ. ബാലനും തയ്യാറായില്ല. ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷമല്ലേയെന്നും ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ഇതല്ല അതിനുള്ള സ്ഥലമെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രതികരണം.

മന്ത്രി ജി, സുധാകരന്റെ മണ്ഡലത്തിലാണ് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. മാലിന്യവും ഗതാഗതവും തമ്മില്‍ ബന്ധമില്ലെന്നും ബാലന്‍ പറഞ്ഞു. മലപ്പുറത്തു മാലിന്യസംസ്‌കരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ രാജവും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.