തിരുവനന്തപുരം: തോമസ് ചാണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഏത് അന്വേഷണവും നേരിടാൻ മന്ത്രി തയ്യാറെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ് അറിയിച്ചു. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കി. അന്വേഷണം നടകട്ടെയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞു. സര്‍ക്കാരിന്‍റെ വാദം തളളിയെന്ന് കരുതുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ചാണ്ടി രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം വിജിലന്‍സ് കോടതിയാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തോമസ് ചാണ്ടി നിലംനികത്തി ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കോടതിയില്‍ വിജിലന്‍സ് പ്രോസീക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. പ്രദേശിക നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ അഡ്വ. സുഭാഷിന്‍റെ പ്രധാന പരാതി. ഇത് മൂലം ഗവണ്‍മെന്‍റിന് 23 ലക്ഷം നഷ്ടം വന്നുവെന്നാണ് കേസ്.
