ദില്ലി: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കുര്യന് ജോസഫാണ് ഇന്ന് പിന്മാറിയത്. ഇനി വീണ്ടും തോമസ് ചാണ്ടിയുടെ കേസ് പുതിയ ബെഞ്ചിലേക്ക് മാറും.

കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആദ്യം പരിഗണിച്ചത് ജസ്റ്റിസുമാരായ ആര്‍ കെ. അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു. ആ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകനായിരുന്ന വിവേക് തനിക് നല്കിയ അപേക്ഷയെ തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഡിസംബര്‍ 15ന് ചീഫ് ജസ്റ്റിസ് കേസ് പരിഗണിച്ചപ്പോഴാകട്ടെ ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എ.എം. കാന്‍വാ‍ല്‍ക്കര്‍ ആദ്യം പിന്മാറി. പിന്നീട് കേസ് വീണ്ടും ജസ്റ്റിസുമാരായ ആര് കെ. അഗര്‍വാള്‍ അഭയ് മനോഹര് സാപ്രേ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചപ്പോള്‍ കേസ് കേള്‍ക്കാനാകില്ലെന്ന് അറിയിച്ച് അഭയ് മാനോഹര്‍ സാപ്രേ രണ്ടാമത് പിന്മാറി.

അതിന് ശേഷമാണ് കേസ് ഇന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചിലേക്ക് എത്തിയത്. കേസ് പരിഗണിച്ച ഉടന് ജസ്റ്റിസ് കുര്യന് ജോസഫ് താന്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇനി മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറും. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാരില്‍ ഒരാളാണ് കേസില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് കുര്യന് ജോസഫ്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന തോമസ് ചാണ്ടി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നത്.