ദില്ലി: കായൽ കയ്യേറ്റ കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാൾ, അഭയ് മനോഹര്‍ സപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. ഈ ബെഞ്ചിന് മുമ്പാകെ ഹാജരാകുന്നതിൽ തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തങ്ക അസൗകര്യം കാട്ടി അപേക്ഷ നൽകിയ സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസ് ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്.

ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടി സര്‍ക്കാരിനെ കക്ഷിയാക്കിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ ഹൈക്കോടതി സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നതാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്.