മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൈയ്യേറ്റം കണ്ടെത്താന്‍ സര്‍വ്വേ നടത്തണമെന്നും തോമസ് ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം
മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തെക്കുറിച്ച് നിരവധി തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദ് ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ നടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം. കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കണം. ഇതിനായി സര്‍വ്വേ നടത്തണം. കൈയ്യേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം. അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം. കായല്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം. തോമസ് ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കൈയ്യേറ്റത്തെക്കുറിച്ച് നിരവധി തവണ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി തോമസ് ചാണ്ടിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടര്‍, ഡപ്യൂടട്ടി കളക്ടര്‍, കുട്ടനാട് തഹസീല്‍ ദാര്‍, നോര്‍ത്ത് കൈനകരി വില്ലേജ് ഓഫീസര്‍, പുളിങ്കുന്ന് സിഐ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. കേസ് കോടതി പിന്നീട് പരിഗണിക്കും.
