കൊച്ചി: കായൽ കയ്യേറ്റത്തെ കുറിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജി നൽകുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ ഉപദേശം തള്ളിയാണ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.
കായൽ കയ്യേറ്റത്തെ കുറിച്ചുള്ള കള്കടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയ തോമസ് ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നതടക്കമുള്ള അതിരൂക്ഷ വിമര്‍ശനത്തോടെയാണ് ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളുകയും ചെയ്തു.
ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിൽ രാജിവെച്ച തോമസ് ചാണ്ടി നിയമവിദഗ്ധരുമായുള്ള വലിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. കായൽ കയ്യേറ്റത്തെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്ത് കേസ് വിശദമായി കേൾക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. മന്ത്രിയെന്ന നിലയിൽ സര്‍ക്കാരിനെതിരെ ഹര്‍ജി നൽകിയത് തെറ്റാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി നൽകിയതെന്ന് തോമസ് ചാണ്ടി വാദിക്കുന്നു.
അതിന് ഭരണഘടപരവും നിയമപരവുമായ അവകാശമുണ്ട്. ഹൈക്കോടതി അതിരുവിട്ട പരാമര്‍ശങ്ങളാണ് നടത്തിയതെന്നും ഹര്‍ജിയിൽ പറയുന്നു. ഹര്‍ജിയിൽ ആദ്യം മുതിര്‍ന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ ഉപദേശമാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകര്‍ തേടിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നായിരുന്നു ഗോപാൽ സുബ്രഹ്ണ്യത്തിന്റെ ഉപദേശം.
ആ ഉപദേശം തള്ളിയാണ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്. ഗോപാൽ സുബ്രഹ്മണ്യത്തിന് പകരം ഇനി കേസിൽ ഹരീഷ് സാൽവെയെ ഹാജരാക്കാനാണ് നീക്കം. എന്നാൽ സാൽവെയുടെ ഉറപ്പ് ഇതുവരെ തോമസ് ചാണ്ടിയുടെ അഭിഭാഷകര്‍ക്ക് കിട്ടിയിട്ടില്ല. കേസ് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.
