ദില്ലി: കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ രജിസ്ട്രി തള്ളിയിരുന്നു. പിന്നീട് ഇന്നലെ ഇതേ ബെഞ്ച് തന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്ന് കാട്ടി തോമസ് ചാണ്ടി പുതിയ അപേക്ഷ നല്‍കി. 

കായല്‍ കയ്യേറ്റത്തില്‍ കടുത്ത വിമര്‍ശനത്തോടെയുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ലേക്ക്പാലസ് റിസോര്‍ട്ടിലും, മാര്‍ത്താണ്ഡം കായലിലും അടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്നായിരുന്നു ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.