കൊച്ചി: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആദ്യം സര്‍ക്കാര്‍ ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞു. തോമസ് ചാണ്ടി ഹര്‍ജി നല്‍കിയ നടപടി 'അനുചിതം' എന്നാണ് സ്‌റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയത്. 

തോമസ് ചാണ്ടിയുടെ ഹര്‍ജി ചോദ്യം ചെയ്യാത്ത സര്‍ക്കാര്‍ നടപടി ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പരാമര്‍ശിച്ചപ്പോഴാണ് അറ്റോര്‍ണി നിലപാട് മാറ്റിയത്. തോമസ് ചാണ്ടി കോടതിയെ സമീപിക്കേണ്ടത് കലക്ടറുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും നടപടി എടുക്കുമ്പോഴായിരുന്നു. റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ തോമസ് ചാണ്ടി കലക്ടറെയാണ് നിലപാട് അറിയിക്കേണ്ടിയിരുന്നതെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു.

ആദ്യഘട്ടത്തില്‍ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സ്‌റ്റേറ്റ് അറ്റോര്‍ണി സ്വീകരിച്ചിരുന്നത്. തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുന്‍പുള്ള വിഷയത്തിലാണ് ഹര്‍ജി എന്നായിരുന്നു അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 2014ല്‍ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല, അന്വേഷണം നടത്തിയില്ല എന്ന മറുചോദ്യമാണ് കോടതി നടത്തിയത്. ഇതോടെ അറ്റോര്‍ണിക്ക് ഉത്തരം മുട്ടി.