തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനമായില്ല. രാജിക്കാര്യത്തില്‍ തീരുമാനം എല്‍ഡിഎഫ് മുഖ്യമന്ത്രിക്ക് വിട്ടു. എന്‍സിപി എല്‍ഡിഎഫില്‍ ഒറ്റപ്പെട്ടു. ഉചിതമായ സമയത്ത് മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന. രണ്ട് ദിവസംകൂടി ഇതോടെ രാജി നീളുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ നേരത്തെ എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വികാരാധീനനായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല, പിന്നെ എന്തിനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് തോമസ് ചാണ്ടി ചോദിച്ചു. ഇതോടെ എന്‍സിപി ചാണ്ടിയുടെ രാജിയില്ലെന്ന നിലപാടോടെയാണ് യോഗത്തില്‍ എത്തിയത്.
എന്നാല്‍ രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ എന്‍സിപി പ്രതിരോധം തകരുകയാണ് ഉണ്ടായത്. യോഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയാണ് തോമസ് ചാണ്ടിക്കെതിരെ നടക്കുന്നതെന്ന് എന്‍സിപി ആരോപിച്ചു. എന്നാല്‍ വസ്തുകള്‍ ചാണ്ടിക്കെതിരാണെന്ന് സിപിഐ വ്യക്തമാക്കി. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സി.പി.ഐ ഇടതു മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനതാദള്‍ എസും സി.പി.ഐ നിലപാടിനോട് യോജിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി കോടതിയില്‍ പോയത് ശരിയായില്ലെന്ന് ജെഡിഎസ് യോഗത്തില്‍ പ്രതികരിച്ചു. പരസ്യമായി രാജി ആവശ്യപ്പെടേണ്ടി വരുമെന്ന് സിപിഎം യോഗത്തില്‍ തുറന്നു പറഞ്ഞു.
ഇതോടെ തര്‍ക്കം രൂക്ഷമായതോടെ കോടിയേരി ബാലകൃഷ്ണന് ചര്‍ച്ചയില്‍ ഇടപെട്ടു. കോടിയേരി ഒത്തുതീര്‍പ്പ് എന്ന നിലയില്‍ തോമസ് ചാണ്ടിയുടെ രാജി തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ രാജികാര്യത്തില്‍ തീരുമാനം അറിയിക്കണം എന്ന് എന്‍സിപി നേതാക്കളോട് ആവശ്യപ്പെട്ടു. മര്യാദ എന്ന രീതിയിലാണ് രാജി എഴുതി വാങ്ങാത്തത് എന്നതിനാണ് മുഖ്യമന്ത്രി എന്‍സിപി നേതാക്കളോടെ തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കൂടുതൽ സമയം വേണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ രാജി ഇന്നുവേണ്ടെന്ന പൊതു തീരുമാനം ഉണ്ടായത്.
