തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനത്തിലായിരുന്നു തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. അതില്‍ മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ ഹണിട്രാപ്പ് കേസിൽ കുടുങ്ങി രാജിവെച്ചതിനെത്തുടര്‍ന്നായിരുന്നു തോമസ് ചാണ്ടി മന്ത്രിയായത്.

ഗതാഗത മന്ത്രിയായി  അധികാരമേറ്റയുടന്‍ ഒരു വര്‍ഷത്തിനകയം കെഎസ്‍ആര്‍ടിസിയെ കരകയറ്റുമെന്നും ലാഭത്തിലാക്കുമെന്നുമുള്ള പതിവ് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും മന്ത്രിസ്ഥാനത്ത് ഒരുവര്‍ഷം പോലും പൂര്‍ത്തിയാക്കാതെ നാണംകെട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. എ.കെ.ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മുന്നണിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാതെ ഉടന്‍ രാജി പ്രഖ്യാപിച്ച് അദ്ദേഹം തടിയൂരിയപ്പോള്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചാണ് ചാണ്ടിയുടെ പടിയിറക്കം. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിന്റെ നാള്‍വഴികള്‍.

01-04-17
ഹണിട്രാപ്പ് കേസിൽ കുടുങ്ങി മന്ത്രി എകെ ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് 2017 ഏപ്രിൽ 1ന് തോമസ് ചാണ്ടി സംസ്ഥാന ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

11-08-17
മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ്  റിസോര്‍ട്ടിലേക്ക് മാത്രമായി പി.ജെ കുര്യന്റെയും കെഇ ഇസ്മയിലിന്റെയും എംപി ഫണ്ടിൽനിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഏക്കറുകണക്കിന് നെൽപ്പാടം നികത്തി റോഡ് ടാറ് ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

12-08-17
രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ നിര്‍മ്മാണം നടത്തിയത് ടെണ്ടറില്ലാതെ.  ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനറാക്കിയത് കിലോമീറ്ററുകള്‍ക്കപ്പുറം താമസിക്കുന്ന തോമസ് ചാണ്ടിയുടെ ജീവനക്കാരനെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

 

13-08-17
ലേക്ക് പാലസിനുവേണ്ടി, കമ്പനി ഡയറക്ടര്‍ മാത്യുജോസഫിന്‍റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ നികത്തിയത് നിരവധി കള്ളക്കളികളിലൂടെ സർക്കാർ ചെലവിൽ. ദേശീയജലപാതയുടെ ഭാഗമായി പുന്നമടക്കായലില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത മണ്ണ് രണ്ട് വര്‍ഷമായിട്ടും വയലില്‍ നിന്ന് നീക്കം ചെയ്യാതെ കരഭൂമിയാക്കുകയായിരുന്നു. ആരും ലേലം ചെയ്ത് എടുക്കാതിരിക്കാന്‍ ചെളിമണ്ണിന് കൂറ്റന്‍ വില നിശ്ചയിച്ചാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഈ കള്ളക്കളി നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

14-08-17
പുന്നമടക്കായലിലും തോമസ് ചാണ്ടിയുടെ കയ്യേറ്റം. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് ഹോട്ടല്‍ പുന്നമടക്കായലിന്‍റെ വലിയൊരു ഭാഗം അതിര്‍ത്തി തിരിച്ച് സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്യുന്നു. ലേക്ക് പാലസിന്‍റെ കായിലിനോട് ചേര്‍ന്ന മുൻ ഭാഗത്ത് അ‍ഞ്ച് ഏക്കറിലേറെ വിസ്തീര്‍ണ്ണമുള്ള സ്ഥലം വളച്ചുകെട്ടി റിസോര്‍ട്ടിന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

റിപ്പോർട്ട് കണ്ടിട്ട് പ്രതികരിക്കാമെന്ന് കോടിയേരി, വിഎസ് പ്രതികരിച്ചില്ല. ആരോപണങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്ന് വിഎം സുധീരൻ

15-08-17
മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കറുകണക്കിന്  ഭൂമി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി അനധികൃതമായി നികത്തുന്നു. കൂടാതെ സർക്കാർ റോഡും കയ്യേറി നികത്തി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എൻസിപി യോഗത്തിൽ ആവശ്യം. വിശദമായി മനസ്സിലാക്കിയിട്ട് പ്രതികരിക്കാമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. സമഗ്ര അന്വേഷണം നടത്തി മുഖ്യമന്ത്രി ഉചിത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എൻസിപി കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ആവശ്യപ്പെട്ടു.
അതു നമുക്ക് പിന്നീട് സംസാരിക്കാമെല്ലോയെന്ന് പറഞ്ഞ് പ്രതികരണങ്ങളിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി.

ഏത് അന്വേഷണ ഏജൻസിയെവെച്ചെങ്കിലും അന്വേഷിച്ച് തന്റെ നിരപരാധിത്യം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അടുത്ത ദിവസം റിട്ട് സമർപ്പിക്കുമെന്ന് തോമസ് ചാണ്ടി.

16-08-17
മന്ത്രി തോമസ് ചാണ്ടി അനധികൃതമായി നിലംനികത്തി ലേക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കി. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് തോമസ് ചാണ്ടി വയല്‍ നികത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്

17-08-17
ചാനൽ റിപ്പോർട്ടർ പകവീട്ടുകയാണെന്ന് തോമസ് ചാണ്ടി. നിയമസഭയിൽ തോമസ് ചാണ്ടിയുടെ വെല്ലുവിളി- പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ നാലഞ്ച് പേർ അവിടെ വന്ന് ഭൂമിയെല്ലാം സന്ദർശിച്ച് , ജില്ലാ കളക്ടറോ , ആർഡിഒയോ ..തഹസിൽദാറോ , വില്ലേജ് ഓഫീസറോ  ഒക്കെ കണ്ടിട്ട് , ഒരു സെന്റ് ഭൂമി, ഞാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു.  ഒരു സെന്റ് ഭൂമിക്ക് ഞാൻ ഇല്ലീഗൽ ആയി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മന്ത്രിസ്ഥാനം അല്ല, എംഎൽഎ സ്ഥാനം  രാജിവച്ചിട്ട് പുറത്തുപോകും

ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ തോമസ് ചാണ്ടിയെ പിന്തുണച്ചു.

18-08-17
തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ലേക് പാലസിലെ കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.

19-08-17
അന്വേഷണത്തിനുമുൻപു തന്നെ ചാണ്ടിയെ നിരപരാധിയാക്കി മുഖ്യമന്ത്രി പ്രസ്താവന സടത്തിയത് നിർഭാഗ്യകരമെന്ന് എകെ ആൻ്റണി പ്രതികരിച്ചു.സർക്കാർ അന്വേഷണം നടത്തി ക്രമക്കേട് തെളിഞ്ഞാൽ കണിശമായും നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള റിപ്പോർട്ടുകളെന്ന് കോടിയേരി.

20-08-17
തോമസ് ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ കൃഷിനിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഭൂമി തട്ടിപ്പ് ആരോപണം. തോമസ് ചാണ്ടിക്കും , പി വി അൻവറിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

21-08-17
മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന്. തോമസ് ചാണ്ടി സഭയിൽ- “ഞാൻ എവിടെയെങ്കിലും ഭൂമി കയ്യേറിയെന്ന് അങ്ങ് തെളിയിക്കുകയാണെങ്കിൽ എനിക്കുള്ള സ്വത്ത് മുഴുവൻ അങ്ങേയ്ക്ക് എഴുതി തരാം. അതിൽ കൂടുതൽ എന്നാ ഓഫർ തരാനാ”

22-08-17
പിജെ കുര്യന്റെ പ്രതികരണം, തോമസ് ചാണ്ടി ലെറ്റർ ഹെഡിൽ ആവശ്യപ്പെട്ടു. പബ്ലിക്കും, മുൻസിപ്പൽ കൗൺസിലും ആവശ്യപ്പെട്ടു.

25-08-17
തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് 6 വർഷം മുൻപ് വില്ലേജ് ഓഫീസർ തഹസീൽദാർക്ക് നൽകിയ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്.

30-08-17
മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ കാണാനില്ലെന്ന മറുപടി ഔദ്യോഗികമായി ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. റിസോര്‍ട്ടുള്‍പ്പെടുന്ന നാല്പതിലേക്കര്‍ ഭൂമിയില്‍ 90 ശതമാനവും നിലമായിരുന്നുവെന്ന് തെളിയിക്കുന്ന അടിസ്ഥാന രേഖ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി

15-09-17
മന്ത്രി തോമസ്ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറി നികത്തിയെന്ന് കണ്ടെത്തിയ കുട്ടനാട് തഹസില്‍ദാറുടെ 2011 ലെ അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് വെളിച്ചത്തു കൊണ്ടുവന്നു. കുട്ടനാട് താലൂക്ക് ഓഫിസിലെ ഫയലില്‍ നിന്നും  ആലപ്പുഴ കളക്ട്രേറ്റില്‍ നിന്നും അപ്രത്യക്ഷമായ ഈ റിപ്പോര്‍ട്ട് ഒടുവില്‍ ആര്‍ഡിഒ ഓഫീസില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്.

16-09-17
സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും നികത്തിയെന്നും എത്രയും പെട്ടെന്ന് ഏറ്റെടുത്തില്ലെങ്കില്‍ നിര്‍മ്മാണം നടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വില്ലേജോഫീസറുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചായിരുന്നു എല്‍ആര്‍ തഹസില്‍ദാർ ആഗസ്ത് 17ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്. ഇതേ ദിവസം ഓഗസ്റ്റ് 17നാണ് തോമസ്ചാണ്ടി നിയമലംഘനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
 
19-09-17
ലേക് പാലസ് റിസോര്‍ട്ടിന്‍റെ കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കായി സമര്‍പ്പിച്ച രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ ആധാരവും കരമൊടുക്കിയ രസീതും അടക്കമുള്ള റവന്യൂ രേഖകളില്ല.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ചെന്നിത്തല വിജിലൻസിന് പരാതി നൽകി. ക്രമക്കേട് നടന്നെന്ന് തെളിഞ്ഞാൽ നടപടിയെന്ന് കോടിയേരി

20-09-17
മന്ത്രി തോമസ് ചാണ്ടി ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വെക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്

21-09-17
ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം

22-09-17
ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെ വ്യാപകമായി വയല്‍ നികത്തി വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചത് നിയമവിരുദ്ധമായാണെന്നതിന് തെളിവ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ കളക്ടറുടെ ഇടക്കാല റിപ്പോർട്ട് , നഗരസഭയിൽ നിന്ന് ഫയലുകൾ മുക്കിയ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ തീരുമാനം, റിസോർട്ടിനുള്ള നികുതി ഇളവ് പിൻവലിച്ചു, മാത്തൂർ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ ലാന്റ് ബോർഡ് സെക്രട്ടറിയോട് അന്വേഷിക്കാൻ റവന്യൂ മന്ത്രിയുടെ നിർദ്ദേശം

ഇടതുപക്ഷം ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി.ജില്ലാ കളക്ടറോട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ

23-09-17
മാർത്താണ്ഡം കായലിൽ പൊതുവഴി നികത്തിയെടുത്തെന്ന് തോമസ് ചാണ്ടി സമ്മതിച്ചു.

തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

24-09-17
മന്തിയായ ശേഷവും തോമസ് ചാണ്ടി നികത്തൽ തുടർന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട്.. പ്രതികരിക്കാതെ മുഖ്യമന്ത്രി

26-09-17
നിലംനികത്തൽ രേഖകൾ കളക്ടർക്കു മുൻപാകെ ഹാജരാക്കാൻ തോമസ് ചാണ്ടിക്ക് കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ടി വി പ്രസാദിന് ഭീഷണിക്കത്ത്.

27-09-17
മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ്ചാണ്ടിയും ബന്ധുക്കളും കൈവശം വച്ചിരിക്കുന്നത് വ്യാജരേഖ ചമച്ച് കൈമാറിയ ഭൂമിയെന്നതിന് തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

04-10-17

ആലപ്പുഴ ജില്ലാ കളക്ടറുടെ ഹിയറിംഗില്‍ നിലം നികത്തിയില്ലെന്ന് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അറിയിച്ചു

05-10-17
ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നികത്തിയില്ലെന്ന തോമസ്ചാണ്ടിയുടെ സഹോദരിയും സ്ഥലമുടമയുമായ ലീലാമ്മ ഈശോയുടെ വാദം കള്ളമെന്ന് തെളിയിക്കുന്ന റവന്യൂ രേഖകള്‍ ഏഷ്യാനെറ്റ്ന്യൂസിന്. കളക്ടറുടെ റിപ്പോർട്ട് വന്നതിനുശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും പാർട്ടി ഉടപെടില്ലെന്നും പ്രകാശ് കാരാട്ട്.
07-10-17

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില് മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൈയ്യേറ്റം കണ്ടെത്താന്‍ സര്‍വ്വേ നടത്തണമെന്നും തോമസ് ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം

08-10-17
മന്ത്രി തോമസ്ചാണ്ടി അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മാര്‍ത്താണ്ഡം കായലില്‍ അനുമതിയില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.

09-10-17
മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് കുറ്റസമ്മതം നടത്തി മന്ത്രി തോമസ്ചാണ്ടിയുടെ കത്ത്. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപിച്ച മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കള്കടര്‍ക്ക് മന്ത്രി തോമസ്ചാണ്ടി അപേക്ഷ നല്‍കി

10-10-17
മാർത്താണ്ഡം കായൽ കയ്യേറ്റത്തിൽ സർക്കാർ 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
11-10-17
നിയമസഭയിൽ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

12-10-17
അനധികൃത നിലം നികത്തലിനെതിരെ സർക്കാർ നൽകിയ സ്റ്റോപ്പ്‌ മെമ്മോ കർശനമായി നടപ്പാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.

13-10-17
ജില്ലാ കളക്ടർക്കെതിരെ തോമസ് ചാണ്ടി- കളക്ടർക്ക് തെറ്റു പറ്റി.തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേൽ.

15-10-17
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർത്താണ്ടം കായൽ സന്ദർശിച്ചു. തോമസ് ചാണ്ടിയുടെ കയ്യേറ്റം ബോധ്യപ്പെട്ടെന്നും മന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല.

17-10-17
വിവാദമായ വലിയകുളം സീറോ ജെട്ടി റോഡിന് പിജെ കുര്യന് ശുപാര്‍ശ കത്ത് നല്‍കിയത് ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡണ്ടുമായ എഎ ഷുക്കൂര്‍ എന്ന തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന്

18-10-17
മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നുവെന്ന് വാർത്ത.

21-10-17
ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയില്‍ നടപടിയെടുത്തതിനെത്തുടര്‍ന്ന് ദിവസങ്ങളോളം പണിമുടക്കി സമരം ചെയ്ത അറുപതിലധികം ജീവനക്കാര്‍ക്ക് ചെയര്‍മാന്‍റെ എതിര്‍പ്പ് മറികടന്ന് ആലപ്പുഴ നഗരസഭാ സെക്രട്ടറി മുഴുവൻ ശമ്പളവും അനുവദിച്ചു.

തോമസ് ചാണ്ടിക്കെതിരായ  അന്വേഷണ റിപ്പോർട്ട്  കളക്ടർ റവന്യൂ സെക്രട്ടറിക്ക് സമർപ്പിച്ചു.

22-10-17
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തി കളക്ടറുടെ റിപ്പോർട്ട്. റിപ്പോർട്ട് കണ്ടില്ല, കണ്ടതിന് ശേഷം തീരുമാനമെന്ന് റവന്യൂ മന്ത്രി

23-10-17
കളക്ടറുടെ റിപ്പോർട്ടിൽ നടപടി എടുക്കരുതെന്ന് റവന്യൂ സെക്രട്ടറിക്ക് തോമസ് ചാണ്ടിയുടെ കത്ത്.

24-10-17
തോമസ് ചാണ്ടിക്കെതിരെ നിയമനടപടി എടുക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ഏഴു ദിവസത്തിനുള്ളിൽ കെട്ടിട നിർമ്മാണ അനുമതി രേഖകൾ ഹാജരാക്കിയില്ലെങ്കിൽ 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റാണ്ടി വരുമെന്ന് കാണിച്ച് ആലപ്പുഴ നഗരസഭ, മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നോട്ടീസ് നല്‍കി

25-10-17
തോമസ് ചാണ്ടി പ്രശ്നത്തിൽ ആലപ്പുഴ നഗരസഭയിൽ കയ്യാങ്കളി,  കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ മുഖ്യമന്ത്രി  നിയമോപദേശം തേടി.  കൂടുതൽ പരിശോധന വേണമെന്ന് റവന്യൂ സെക്രട്ടറി . മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് ചർച്ചയായില്ല. റവന്യൂ മന്ത്രിക്ക് മുകളിൽ അല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം.

26-10-17
തോമസ്ചാണ്ടിയെ പിന്തുണച്ച് കോടിയേരി , കളക്ടറുടെ റിപ്പോർട്ടിൽ പിശകുണ്ടെന്ന് വാദം

27-10-17
തോമസ് ചാണ്ടിക്കേസിൽ ഹൈക്കോടതിയിൽ അഡി. എജി ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം എജി തള്ളി.

28-10-17
തോമസ് ചാണ്ടിക്കേസിൽ സിപിഎം സിപിഐ തർക്കം പൊട്ടിത്തെറിയിലേക്ക് , എജിക്കെതിരെ ആഞ്ഞടിച്ച് കാനവും ചന്ദ്രശേഖരനും

31-10-17
കായൽ ഇനിയും നികത്തുമെന്നും,  തനിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ ഒരു അന്വേഷണസംഘത്തിനും കഴിയത്തില്ലെന്നും കാനം രാജോന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രയിൽ  തോമസ് ചാണ്ടിയുടെ വെല്ലുവിളി.

01-11-17
കായൽ നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്.

04-11-17
തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി ഉത്തരവ് , തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന സർക്കാർ വാദം കോടതി തള്ളി.

05-11-17
തോമസ് ചാണ്ടിയെ രക്ഷിക്കാൻ എൻസിപി ദേശീയ നേതൃത്വം

06-11-17
തോമസ് ചാണ്ടിക്ക് സാവകാശം , നിയമോപദേശം വരുന്നത് വരെ  കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ , കളക്ടറുടെ റിപ്പോർട്ട് പുറത്ത്

08-11-17
ഭൂമി കയ്യേറ്റത്തിൽ  മന്ത്രി തോമസ് ചാണ്ടിക്കും സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി . മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന്  ആരാ‌ഞ്ഞ ഡിവിഷൻ ബെഞ്ച് പാവപ്പെട്ടവനാണ് കയ്യേറിയതെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേയെന്നും ചോദിച്ചു.

09-11-17
ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി  തോമസ്‌ ചാണ്ടി ഹൈക്കോതിയിൽ ഹർജി നൽകി

കയ്യേറ്റത്തെ ന്യായീകരിച്ച് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി സിപിഐ മുഖപത്രമായ ജനയുഗത്തിൽ പരസ്യം നൽകി.

10-11-17
എജിയുടെ നിയമോപദേശവും തോമസ് ചാണ്ടിക്കെതിര്. സിപിഎമ്മും തോമസ് ചാണ്ടിയുടെ രാജി ആവശ്യത്തിലേക്ക്.

12-11-17
തോമസ് ചാണ്ടി രാജി വെക്കണമെന്ന് സിപിഐയും ജെഡിഎസ്സും എൽഡിഎഫ് യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എ.ജി.യുടെ നിയമോപദേശം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കാന്‍ എൽഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

13-11-17
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും പരസ്യമായി ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ കഴുത്തിനു പിടിച്ച് പുറത്താക്കണമെന്നും വിഎസ് പറഞ്ഞു.

14-11-17
ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹർജിയിൽ കോൺഗ്രസ്സ് രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ വിനോദ് തൻഖ   ഹൈക്കോടതിയിൽ ഹാജരായി.

മന്ത്രി സർക്കാരിനെതിരെ ഹർജി നൽകിയത് തെറ്റെന്നും, നിഷ്ക്കളങ്കനെങ്കിൽ കളക്ടറുടെ മുന്നിൽ തെളിയിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി. റിപ്പോർട്ടു തേടുകയല്ല, മന്ത്രിക്കെതിരെ നടപടിയാണ് എടുക്കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി സർക്കാരിനെതിരെയും അതിരൂക്ഷമായി വിമർശിച്ചു. ഹർജിയെ സർക്കാർ എതിർക്കാത്തതിലും ഹൈക്കോടതി ആശ്ചര്യപ്പെട്ടു. മന്ത്രിയെ അയോഗ്യനാക്കേണ്ട സമയമെന്നും നിരീക്ഷണം. ഉച്ച കഴിഞ്ഞ് വീണ്ടും ചേർന്ന കോടതി, മന്ത്രി രാജി വെക്കുകയാണ് ഉചിതമെന്ന് പറഞ്ഞു.

15-11-2017
മന്ത്രിസഭാ യോഗത്തിന് മുമ്പ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. അതിനുശേഷം മാധ്യമങ്ങളോട് ഒന്നും പറയാതെ ക്ലിഫ് ഹൗസില്‍ നിന്ന് പുറത്തേക്ക്. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് പിന്നീട് വ്യക്തമാക്കി. ചാണ്ടി പങ്കെടുത്താല്‍ വിട്ടു നില്‍ക്കുമെന്ന് സിപിഐ മന്ത്രിമാര്‍.