തിരുവനന്തപുരം: പതിവുകളും രാഷ്ട്രീയ മര്യാദകളും തെറ്റിച്ചായിരുന്നു ഇന്ന് തോമസ് ചാണ്ടിയുടെ രാജി. ആരോപണങ്ങളുടെ പടുകുഴിയില്‍ മുന്നണിയെയും സര്‍ക്കാറിനെയും അകപ്പെടുത്തിയിട്ടും അവസാന നിമിഷം വരെ രാജിവെയ്ക്കാതെ പിടിച്ചുനിന്ന് തോമസ് ചാണ്ടി എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. ഒടുവില്‍ രാജിക്കത്ത് എഴുതിക്കൊടുത്തിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയ ശേഷവും ഔദ്ദ്യോഗിക വാഹനത്തിലാണ് മന്ത്രി കൊച്ചിയിലേക്ക് യാത്ര ചെയ്തത്.

രാജിവെയ്ക്കാന്‍ എന്‍.സി.പി തീരുമാനമെടുത്തെങ്കിലും രാജിക്കത്ത് നേരിട്ട് കൈമാറാന്‍ തോമസ് ചാണ്ടി തയ്യാറായില്ല. ഔദ്ദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍, മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജിവെയ്ക്കാനുള്ള അന്തിമ തീരുമാനമെടുത്തു. തുടര്‍ന്ന് അവിടെ വെച്ച് രാജിക്കത്ത് എഴുതി പാര്‍ട്ടി നേതൃത്വത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഔദ്ദ്യോഗിക വസതിയില്‍ നിന്ന് നാലാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്പടിയോടെ പുറത്തുവന്ന തോമസ് ചാണ്ടിയോട്, രാജിവെയ്ക്കാന്‍ പോവുകയാണോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊലീസ് അകമ്പടിയോടെ അദ്ദേഹം എം.സി റോഡ് വഴി യാത്ര തുടരുന്നതിനിടെയാണ് ടി.പി പീതാബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയത്. 

ഉടന്‍തന്നെ മുഖ്യമന്ത്രി രാജിക്കത്ത് ഗവര്‍ണര്‍ക്കും കൈമാറി. മന്ത്രിസ്ഥാനം നഷ്ടമായ ശേഷവും സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്പടിയോടെ മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര. രാജിവെച്ച ശേഷം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്ന മന്ത്രിമാരുടെ പതിവും തെറ്റിച്ച് അവസാന നിമിഷം വരെ കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് തോമസ് ചാണ്ടി പടിയിറങ്ങിയത്.