തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണസംഘത്തിന്‍റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യത. തോമസ് ചാണ്ടി നിലംനികത്തി തന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ഉത്തരവ് കൈവശം ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്നാഥ് ബെഹറ പറ‍ഞ്ഞു. ഉത്തരവ് ഇന്ന് വിജിലന്‍സ് ആസ്ഥാനത്ത് ലഭിക്കുമെന്നാണറിവ്. എറണാകുളം റേഞ്ച് എസ്‌പിക്ക് അന്വേഷണ ചുമതല നല്‍കാനാണ് സാധ്യത.