ആലപ്പുഴ: വേമ്പനാട് കായൽ കയ്യേറ്റങ്ങളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വേന്പനാട്ട് കായൽ കമ്മീഷൻ റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

മാർത്താണ്ഡം കായലിലെ മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾ വിവാദമാവുന്ന പശ്ചാത്തലത്തിലാണ് വേമ്പനാട്ട് കായേൽ കയ്യേറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ റിപ്പോർട്ടും പുറത്ത് വരുന്നത്.വേമ്പനാട്ട് കായൽ കയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാശനം നിർവഹിക്കുന്പോഴാണ് കായൽ കയ്യേറ്റത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രൊഫസർ പ്രഭാത് പട്നായിക് ചെയർമാനായ കമ്മീഷനാണ് വേമ്പനാട് കായൽകയ്യേറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

കായലിന്‍റെ വിസ്തൃതിയിൽ കഴിഞ്ഞ നൂറ്റാണ്ടിനുള്ളിൽ 40 ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മന്ത്രി തോമസ് ഐസക്ക് റിപ്പോർട്ടിന്‍റെ പകർപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി.പൊതുജനപങ്കാളിത്തത്തോടെ വേമ്പനാട് കായൽ പുനരുജ്ജീവനത്തിനായി നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.