ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ദേവസ്വം വകുപ്പു മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്നുവെന്ന തരത്തിലുള്ള സുരേന്ദ്രന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന് മറുപടിയായാണ് തോമസ് ഐസകിന്റെ കുറിപ്പ്. ഇന്ത്യയിലെ ഇന്നോളമുള്ള വര്‍ഗീയ കലാപങ്ങളില്‍ പലപ്പോഴും സവര്‍ണ തീവ്രവാദികളുടെ കൈയിലെ മാരകായുധമായിരുന്നു പശു എന്ന് തുടങ്ങുന്ന പോസ്റ്റില്‍ സംഘ്‍പരിവാറിനെതിരെയും സുരേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശമാണ് തോമസ് ഐസക് നടത്തുന്നത്.
'ഒരു കാര്യം കെ സുരേന്ദ്രനോടും ബിജെപിക്കാരോടും പറയാം. കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല. മാത്രമല്ല, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് പരാജയപ്പെടുത്തിയത് ബിജെപിയുടെ നേതാവ് വി. മുരളീധരനെയാണെന്നും ഓര്‍ക്കുന്നത് നന്ന്. ദേവസ്വം മന്ത്രി എപ്പോള്‍ എന്തു കഴിക്കണമെന്നൊന്നും കെ സുരേന്ദ്രനോ ബിജെപി നേതാക്കളോ നിശ്ചയിക്കേണ്ടതില്ല. അത്തരം ഭീഷണികളൊന്നും വിലപ്പോവുന്ന സ്ഥലമല്ല കേരളം. ദേവസ്വം മന്ത്രി ബീഫ് കഴിച്ചുവെന്നു വെച്ച് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ല. മറ്റുള്ളവരുടെ ഭക്ഷണകാര്യങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണെന്നു കേരളത്തിലെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണ് സുരേന്ദ്രന്റെയും ബിജെപിയുടെയും അടവുകള്‍ ഫലിക്കാത്ത നാടായി കേരളം ഇപ്പോഴും തുടരുന്നത്.
സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് ആകെ അറിയാവുന്ന അടവ് നുണ പ്രചരണം മാത്രമാണെന്ന് പറയുന്ന തോമസ് ഐസക്ക് ആസൂത്രിതമായ ഇത്തരം നുണകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊളിച്ചടുക്കാന്‍ കഴിയുന്ന നവമാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുമുണ്ട്. ആ ജാഗ്രതയ്ക്ക് എന്റെ സല്യൂട്ട് എന്ന് പറഞ്ഞ് സുരേന്ദ്രന്‍ ഉപയോഗിച്ച ഗോവധ ചിത്രത്തിന്റെ ഒറിജിനല്‍ കൂടി ചേര്‍ത്താണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
