80 രൂപ മുടക്കാന്‍ തയ്യാര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ കുഷ്യന്‍ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനും സാധിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നു
വെെക്കം: മൂന്ന് ബസില്‍ ഇരുന്നു യാത്ര ചെയ്യാവുന്നത്ര ആളുകള്‍ക്ക് ഒരുമിച്ച് പോകാനാകും. പക്ഷേ ഒരു ബസിന് ഉപയോഗിക്കുന്ന അത്രയും ഡീസല്‍ മതിയാകും. ഒപ്പം സ്നാക്ക് ബാര്‍, ബയോ ടൊയ്‍ലറ്റ് എന്നിങ്ങനെ സംവിധാനങ്ങള്‍ വേറെയും.
നിങ്ങള്‍ എത് തെരഞ്ഞെടുക്കും, ധനമന്ത്രി തോമസ് ഐസക് ചോദിക്കുകയാണ്. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത അതിവേഗ ബോട്ട് സര്‍വീസിനെ കുറിച്ചാണ് ധനമന്ത്രി പറഞ്ഞു വരുന്നത്. കോട്ടയം ജില്ലയിലെ വെെക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസിലാണെങ്കില്‍ രണ്ട് മണിക്കൂര്‍ വേണം.
അതിവേഗ ബോട്ട് സര്‍വീസിന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതിയാകും. ബസിന് 42 രൂപയാണ് ടിക്കറ്റ് ചാര്‍ജ് എങ്കില്‍, ബോട്ടിന് 40 രൂപ മതി . 80 രൂപ മുടക്കാന്‍ തയ്യാര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ കുഷ്യന്‍ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനും സാധിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.
ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്കും ബസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് ബോട്ടില്‍ എത്താം. കേരള ജലഗതാഗതത്തില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന് പറയുന്ന തോമസ് ഐസക് കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ച് വരുന്ന ആധൂനിക സംവിധാനത്തേക്കുറിച്ചും പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
