'സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണയ്ക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടർച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നവോത്ഥാനസമൂഹം പൊറുക്കുകയില്ല'

തിരുവനന്തപുരം: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതര കുറ്റാരോപണം നേരിടുന്ന നടനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ച അഭിനേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പിന്തുണ പ്രഖ്യാപിച്ചത്. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് തോമസ് ഐസക്കിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവർക്കുണ്ടെന്നും എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും നിര്‍ഭാഗ്യവശാല്‍ യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി കുറിച്ചു.

അതിക്രമത്തിന് ഇരയായ നടിക്ക് താരസംഘടനയില്‍ നിന്നും രാജിവെക്കേണ്ടി വന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന് സംഘടന ആത്മപരിശോധന നടത്തണമെന്നും കുറിപ്പിലൂടെ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികൾക്കെതിരെ താരസംഘടനയിൽനിന്നുള്ള രാജിയിലൂടെ പ്രതികരിച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിയ്ക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങൾ. ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവർക്കുണ്ടാകണമെന്നും അത് ഉണ്ടാകുമെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.