തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കൈവിടില്ലെന്ന് ധനമന്ത്രി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ആറുമാസത്തെ പെന്‍ഷന്‍ കുടിശിക ആയതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പെന്‍ഷന്‍കാര്‍ . 

കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാമ്പത്തിക ഭാരം പരമാവധിയാണെന്നും കൂടുതല്‍ ബാധ്യത വയ്യെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണമായും കൈവിടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സര്‍ക്കാര്‍ നേരിട്ടും അല്ലാതേയുമായി 1500 കോടി രൂപയുടെ ധനസഹായം ഇതുവരെ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ ദുരിതത്തിലാണ്. കഴിഞ്ഞ ജൂലൈയിലാണ് അവസാനം പെന്‍ഷന്‍ കിട്ടിയത്. അതും പൂര്‍ണമായി കിട്ടിയിട്ടില്ല. എന്നാല്‍ ശമ്പളത്തിനുള്ള സാമ്പത്തിക സഹായം കിട്ടിയതിനാല്‍ ഇന്ന് വിതരണം തുടങ്ങിയിട്ടുണ്ട്.