ഒളിവില്‍ പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഒളിവിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് കുട്ടനാട് വികസനസമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍. ശാശീരിക അസ്വസ്ഥതകളുള്ളതിനാലാണ് ചില ദിവസങ്ങളില്‍ ഓഫീസിലെത്താത്തത്. ഒളിവില്‍ പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല. വായ്പയ്ക്ക് ശുപാര്‍ശ ചെയ്യുകമാത്രമാണുണ്ടായത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് തന്റെ സുരക്ഷയ്ക്കായാണെന്നും പീലിയാനിക്കല്‍ പറഞ്ഞു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു കിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ പ്രതിയായത്. സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

അഡ്വ. റോജോ ജോസഫും കേസെടുത്തത് മുതല്‍ ഒളിവിലാണ്. വികസന സമിതി ഓഫീസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാദിവസവും ഓഫീസിലെത്തി മടങ്ങിപ്പോവുകയാണ്. വായ്പയ്ക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തിത്തരാമെന്നുപറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരും രംഗത്ത് എത്തിയിട്ടുണ്ട്.