കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ കോടതി വെറുതെ മുസ്ലീംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കോഴിക്കോട് നാദാപുരത്താണ് സംഭവം.

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട താഴെകുനിയില്‍ അസ്ലമിനാണ് വെട്ടേറ്റത്. വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെയെത്തിയ സംഘം കക്കം വെള്ളിയില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കൈക്കും കാലിനും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ അസ്മിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലാണ് മാറാട് കോടതി പതിനേഴ് പേരെ വെറുതെ വിട്ടത്. കേസിലെ മൂന്നാംപ്രതിയായിരുന്നു അസ്ലം. രാഷ്ട്രീയ വിരോധമാണ് ഷിബിന്‍വധത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നാദാപുരം തൂണേരി മേഖല ഏറെക്കാലം സംഘര്‍ഷഭരിതമായിുരുന്നു. പ്രദേശത്ത് ഇപ്പോഴും പോലീസ് കാവലുണ്ട്. ഇതിനിടെയാണ് പുതിയ സംഭവം.