സ്റ്റെർലൈറ്റ് പ്ലാന്‍റ് വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 13 പേരാണ് മരിച്ചത്.
ദില്ലി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ കേസിൽ ഇടപെടാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ച വേദാന്ത ഗ്രൂപ്പിന്‍റെ തൂത്തുകുടിയിലെ ചെമ്പുശുദ്ധീകരണ ശാല തുറക്കാൻ കഴിഞ്ഞ ഡിസംബര്‍ മാസത്തിൽ ദേശീയ ഹരിത ട്രൈബ്യുണൽ അനുമതി നൽകിയിരുന്നു. ഈ വിധിക്കെതിരെ തമിഴ്‍നാട് സര്‍ക്കാരും പരിസ്ഥിതി സംഘടനകളും നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
ഈ കേസിൽ ഇടപെടാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി തമിഴ്‍നാട് സര്‍ക്കാരിനോടും വേദാന്ത ഗ്രൂപ്പിനോടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശിച്ചു. ഇതോടെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തൽക്കാലം അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായി.
സ്റ്റെർലൈറ്റ് പ്ലാന്‍റിൽ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ കഴിഞ്ഞ മെയ് മാസത്തിൽ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ തമിഴ്‍നാട് സര്‍ക്കാര്‍ തന്നെ പ്ലാന്‍റിനുള്ള ലൈസൻസ് റദ്ദാക്കി.
പ്ലാന്‍റ് തുറക്കണോ വേണ്ടയോ എന്നതിൽ ഇനി മദ്രാസ് ഹൈക്കോടതി തീരുമാനമെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്ലാന്‍റ് തൽക്കാലം തുറക്കേണ്ട എന്ന സുപ്രീംകോടതി തീരുമാനം തമിഴ്നാട് സര്‍ക്കാരിന് ആശ്വാസമായി.
