Asianet News MalayalamAsianet News Malayalam

തച്ചങ്കരിയെ തിരുത്തി ഗതാഗതമന്ത്രി; പുതിയ കണ്ടക്ടർമാർക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കി മാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാരുടെ പ്രകടനം നോക്കിയാണ് പൊതുവേ സ്ഥിരപ്പെടുത്താറെന്നും മന്ത്രി പറഞ്ഞു.

those who appointed as Bus Conductor will get all benefit says transport minister
Author
Trivandrum, First Published Dec 19, 2018, 4:28 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്‍സി വഴി പുതിയതായി നിയമിക്കുന്നവർക്ക് എം പാനല്‍ കണ്ടക്ടര്‍മാരുടെ ശമ്പളമേ നല്‍കുവെന്ന എംഡി തച്ചങ്കരിയുടെ നിലപാട് തിരുത്തി മന്ത്രി എ കെ ശശീന്ദ്രൻ. റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലം ഇന്ന് 1093  സര്‍വീസുകൾ റദ്ദാക്കി.

കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർക്ക് പകരം പിഎസ്‍സി നിയമന ഉത്തരവ് നൽകിയ 4051 പേരെ നാളെ നിയമിക്കും. പക്ഷെ പിഎസ് സി നിർദ്ദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകാനാകില്ലെന്നായിരുന്നു എംഡിയുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധി കാരണമാണിതെന്നും എംഡി വിശദീകരിച്ചിരുന്നു . 

എന്നാല്‍ ഈ നിലപാട് മന്ത്രി തിരുത്തി. എംഡി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി. പുതിയതായി നിയമിക്കപ്പെടുന്നവരുടെ പരിശീലനം ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി അവരെ റൂട്ടുകളിലേക്ക് അയക്കും. പ്രതിസന്ധി മറികടക്കാൻ ദീർഘകാല അവധിയിൽ പോയ 800 ലേറെ ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് കാരണമുള്ള സര്‍വീസ് മുടങ്ങൽ ഇന്നും തുടര്‍ന്നു. തിരുവനന്തപുരം മേഖലയില്‍ 329 ഉം എറണാകുളത്ത് 562 ഉം കോഴിക്കോട് 202 ഉം സര്‍വീസുകള്‍ റദ്ദാക്കി. സര്‍വ്വീസുകള്‍ റദ്ദാക്കുന്നുണ്ടെങ്കിലും വരുമാന നഷ്ടമില്ലെന്നാണ് എംഡിയുടെ വാദം. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കിയുള്ള പുനക്രമീകരണം ഗുണകരമായെന്നാണ് കെഎസ്‍ആര്‍ടിസിയുടെ വിശദീകരണം. ഇതിനിടെ ജോലി നഷ്ടപ്പെട്ട താല്‍കാലിക കണ്ടക്ടര്‍മാരുടെ ലോങ് മാര്‍ച്ചിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. 


 

Follow Us:
Download App:
  • android
  • ios