ബിജെപി നേതാക്കളുമായി  കെ എം മാണി കൂടിക്കാഴ്ച നടത്തിയതിനെ ജോസ് കെ മാണി ന്യായീകരിക്കുകയും ചെയ്തു.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്താന്‍ പാടുപെടുന്ന മുന്നണികള്‍ക്കെതിരെ ഒളിയമ്പുമായി ജോസ് കെ.മാണി എം പി. പാര്‍ട്ടിക്കെതിരെ സമരം നടത്തിയവരും, പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരുമാണ് ഇപ്പോള്‍ ഒപ്പം കൂട്ടാന്‍ നോക്കുന്നതെന്ന് ജോസ് കെ മാണി കോഴിക്കോട് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കാനിരിക്കുന്ന നിലപാടടക്കം ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ധിച്ചുവെന്നാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അവകാശപ്പെടുന്നത്. നിര്‍ണ്ണായകശക്തിയല്ലെങ്കില്‍ ഒപ്പം നിര്‍ത്താന്‍ മുന്നണികള്‍ മത്സരിക്കുന്നതെന്തിനെന്ന ചോദ്യമാണ് ജോസ് കെ മാണി ഉന്നയിക്കുന്നത്.

ബിജെപി നേതാക്കളുമായി കെ എം മാണി കൂടിക്കാഴ്ച നടത്തിയതിനെ ജോസ് കെ മാണി ന്യായീകരിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ നയം വ്യക്തമാക്കുമെന്നാണ് കെ എം മാണി അറിയിച്ചിരിക്കുന്നത്. ബിജെപിയുമായി ചര്‍ച്ച നടത്തി ഇടത് വലത് മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാനും മാണിക്ക് കഴിഞ്ഞു. ഇതിനിടെയാണ് ബാര്‍ കോഴയില്‍ മുന്നണികള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനോട് സ്വീകരിച്ച നിലപാട് ഓര്‍മ്മപ്പെടുത്തി ജോസ് കെ മാണിയുടെ ഒളിയമ്പ്.