ദില്ലി: ലോകബാങ്ക് കണക്കുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി. സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന്‍റെ തെളിവാണ് ലോകബാങ്ക് കണക്കുകള്‍.എന്നാല്‍ ഭരിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുന്നയിക്കുന്നതെന്നും മോദി ദില്ലിയില്‍ പറഞ്ഞു.
നവീകരണം, നിര്‍വഹണം, പരിവര്‍ത്തനം എന്നിവയാണ് തന്റെ മന്ത്രമെന്ന് പറഞ്ഞാണ് ഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രയില്‍ നടത്തിയ സെമിനാറില്‍ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.വ്യവസായ സൗഹൃദ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 100ആം സ്ഥാനത്തെത്തി. ജിഎസ്‌ടി അടക്കം സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും ലോകബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.ലോകബാങ്കുമായി സഹകരിച്ച് 90 പദ്ധതികള്‍ കൂടി നടപ്പാക്കും.കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകും.
ഭരിച്ചപ്പോള്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മോദി പറഞ്ഞു.നോട്ട് നിരോധനമടക്കം സാമ്പത്തിക പരിഷ്കാരങ്ങളെ എതിര്‍ത്ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയും മോദിയുടെ ഒളിയമ്പെയ്തു. നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ലോകബാങ്ക് കണക്കിനെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‌ടിയില്‍ ഇനിയും പരിഷ്കാരങ്ങളുണ്ടാകുമെന്നും നവംമ്പര്‍ ഒമ്പതിന് നടക്കുന്ന ജിഎസ്‌ടി കൗണ്‍സില്‍ ഇത് സമ്പന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
