ഫെയ്സ്ബുക്കിലൂടെ തത്സമയം പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങള്‍ പാട്ടാക്കി മാറ്റാന്‍ സ്വപ്നയ്ക്ക് നിമിഷങ്ങള്‍ മതി

ആയിരം ദിവസം ആയിരം പാട്ടുകള്‍ എന്ന ചലഞ്ചിലാണ് പ്രവാസി മലയാളിയായ സ്വപ്ന എബ്രഹാം. ഫെയ്സ്ബുക്കിലൂടെ തത്സമയം പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങള്‍ പാട്ടാക്കി മാറ്റാന്‍ സ്വപ്നയ്ക്ക് നിമിഷങ്ങള്‍ മതി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വപ്ന എബ്രഹാം തിരക്കിലാണ്. കൃത്യമായി പറഞ്ഞാല്‍ 421 ദിവസം. ഓരോ ദിവസവും ഒരു ഗാനം വീതം ചിട്ടപ്പെടുത്തകയാണവര്‍. രചന സംഗീതം എന്നുതുടങ്ങി ആലാപനം വരെ എല്ലാം സ്വപ്ന തന്നെയാണ് നിര്‍വഹിക്കുന്നത്. 1000 ദിവസത്തില്‍ ആയിരം പാട്ടുകളാണ് ലക്ഷ്യം.

പാശ്ചാത്യ സംഗീതവുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഇരുപതോളം ആല്‍ബങ്ങളില്‍ എഴുതി പാടുകയും ചെയ്തിട്ടുണ്ട് സ്വപ്ന. പക്ഷെ അതൊന്നും മനസ്സിന് തൃപ്തി നല്‍കിയില്ല. 24 വര്‍ഷത്തെ പാട്ടിന്‍റെ ജീവിതം അവസാനിപ്പിക്കുന്നതിന് മുന്നോടി കൂടിയാണ് ചലഞ്ചെന്ന് സ്വപ്ന വ്യക്തമാക്കി. ലോക റെക്കോര്‍ഡെന്ന ലക്ഷ്യം കൂടി ചലഞ്ചിനു പിന്നിലുണ്ട്. അതുകൊണ്ട് തന്നെ പനി പിടിച്ച് ആശുപത്രിക്കിടക്കയിലായപ്പോഴും സംഗീതയജ്ഞം മുടക്കിയില്ല.

പാട്ടെഴുത്തും ചിട്ടപ്പെടുത്തലും ആലാപനവുമൊക്കെ തത്സമയം സ്വപ്നയുടെ ഫെയ്സ്ബുക്കിലൂടെ കാണാം. കാഴ്ചക്കാര്‍ നിര്‍ദേശിക്കുന്ന വിഷയം പാട്ടായി മാറാന്‍ നിമിഷങ്ങള്‍ മതി. 2017 ഏപ്രില്‍ എട്ടിന് തുടങ്ങിയ മ്യൂസിക് ചലഞ്ച് 2020 ജനുവരി ആറിന് അവസാനിക്കും.