സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തി
മുംബൈ: സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാര്ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവർത്തകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്.
ഇന്ന് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കർഷക നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ഒടുവിലേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. കൂടുതൽ സംഘടനകൾ സിപിഎം സമരത്തിന് പിന്തുണയുമായി വന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ സംസ്ഥാന സർക്കാർ നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിരുന്നു.
നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.
