ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു- എന്ന അടിക്കുറിപ്പോടെയായിരുന്നു രാമചന്ദ്ര ഗുഹ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഫോണിലൂടെയും ട്വിറ്ററിലൂടെയും ഭീഷണികള്‍ വരികയായിരുന്നു

ദില്ലി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്‌ക്കെതിരെ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ഭീഷണിയെത്തിയതിനെ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചു. 

ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു- എന്ന അടിക്കുറിപ്പോടെയായിരുന്നു രാമചന്ദ്ര ഗുഹ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഫോണിലൂടെയും ട്വിറ്ററിലൂടെയും ഭീഷണികള്‍ വരികയായിരുന്നു. ഇതോടെ ചിത്രം പിന്‍വലിച്ചു. 

'ബീഫ് വിഷയത്തില്‍ ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണ്. മനുഷ്യന് സ്വന്തം താല്‍പര്യപ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം വേണം'- പുതിയ ട്വീറ്റില്‍ രാമചന്ദ്ര ഗുഹ കുറിച്ചു. 

Scroll to load tweet…

തന്നെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ ആര്‍ കെ യാദവ് എന്നയാള്‍ റോയിലെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) മുന്‍ ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഫോണിലൂടെ തനിക്കും ഭാര്യക്കുമെതിരെ ഒരാള്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. 

തനിക്കെതിരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്ന് രാമചന്ദ്ര ഗുഹ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് ചിലയിടങ്ങളില്‍ മാത്രമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗോവയില്‍ ഇതുവരെ പശുക്കളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.