എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേരിലാണ് കൈയും കാലും വെട്ടുമെന്ന ഭീഷണിക്കത്ത് എഴുത്തുകാരന് കിട്ടിയത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് രാമനുണ്ണി പരാതി നല്‍കി.

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ നോമ്പുകാലത്ത് മാധ്യമം ദിനപത്രത്തില്‍ പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഒരു വിശ്വാസി എന്ന പേരില്‍ രാമനുണ്ണിയെഴുതിയ ലേഖന പരമ്പരയാണ് ഭീഷണിക്കാധാരം. ഹിന്ദുക്കളും, മുസ്ലീംങ്ങളും പരസ്പരം ശത്രുക്കളല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അങ്ങനെ ആക്കി തീര്‍ത്തതെന്നും അതിനാല്‍ പരസ്പരം പോരടിക്കരുതെന്നുമായിരുന്നു ലേഖനത്തിന്റെ സാരാംശമെന്ന് രാമനുണ്ണി പറയുന്നു. ലേഖനത്തെ വിമര്‍ശിക്കുന്ന ഭീഷണിക്കത്തില്‍ തീവ്രഹിന്ദു നിലപാടുകാരക്കേള്‍ അപകടകാരിയാണ് രാമനുണ്ണിയെന്നും, ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും വഴിതെറ്റിക്കാനാണ് ശ്രമമെന്നും ആരോപിക്കുന്നു. ഇത്തരത്തിലുള്ള എഴുത്ത് തുടര്‍ന്നാല്‍ തൊടുപുഴയിലെ ന്യൂമാന്‍ കോളേജിലെ മുന്‍ അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ ഗതിയായിരിക്കുമെന്നാണ് ഭീഷണി. ആറ് മാസത്തിനുള്ളില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. അഞ്ച് ദിവസം മുമ്പാണ് ഭീഷണിക്കത്ത് കിട്ടിയത്. സുഹൃത്തുക്കളായ സച്ചിദാനന്റെയും, സക്കറിയയുടെയും പ്രേരണയാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രാമനുണ്ണി പറയുന്നു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി.