പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചില തീവ്രവാദി സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടെന്ന തരത്തില്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവമില്ലെന്ന് ശബരിമല പോലീസ് കോഡിനേറ്റര്‍ എ ഡി ജി പി സുദേഷ്‌കുമാര്‍. നിലവില്‍ ശബരിമലക്കോ ശബരിമല തീര്‍ത്ഥാടകര്‍ക്കോ ഭീഷണി ഒന്നും തന്നെ ഇല്ല. ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. സമൂഹമാധ്യമങ്ങളിലൂടെ അസത്യ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു.
ശബരിമല, സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ സുക്ഷ ക്രമീകരങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് പമ്പ ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസ്‌കാരെ വിന്യസിച്ചുകഴിഞ്ഞു. ഡിസംബര്‍ ആറാംതിയതിയിലെ പ്രത്യേക സുരക്ഷ കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷ ശക്തമാക്കും. എഡിജിപി വ്യക്തമാക്കി .
ആര്‍മി നേവി എന്നിവിഭാഗങ്ങളുടെ പ്രത്യേക ഹെലികോപ്ടര്‍ സംവിധാനം ഉപയോഗിച്ച് നീരിക്ഷണം നടത്തും. ഡിസംബര്‍ അഞ്ച് ആറ് തിയതികളില്‍ നിരിക്ഷണം തുടരുമെന്നും എഡിജിപി. തീര്‍ത്ഥാടനകാലം കഴിയുന്നത് വരെ കനത്തസുരക്ഷ തുടരാനാണ് പോലിസിന്റെ തീരുമാനം. ശബരിമല സന്നിധാനത്തെ രണ്ടാം ഘട്ട പോലീസ് സംഘം ഇന്ന് ചുമതലയേറ്റു.
