കൊല്ലം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരനെതിര വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കൂടുതല്‍ പരാതികള്‍. ബിജെപി നേതാക്കളെ പേടിച്ച് പിരിവിന്റെ പേരിലുള്ള ഭീഷണി പുറത്ത് പറയാതിരുന്ന പല കച്ചവടക്കാരും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

അതേസമയം കച്ചവടക്കാരനെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചവറയില്‍ കുടിവെള്ളക്കമ്പനി നടത്തുന്ന മനോജിനെ അയ്യായിരം രൂപ പിരിവ് നല്‍കാത്തതിന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് സുഭാഷിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുകയാണ്.

ചവറ ശങ്കരമംഗലത്തെ ഒരു പണമിടപാട് സ്ഥാപന ഉടമയെയും ഇയാള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സ്ഥാപനത്തിലും സുഭാഷ് അയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്. സ്ഥാപനയുടമ ഉടന്‍ പൊലിസില്‍ പരാതി നല്‍കും. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവ് സുഭാഷിനെ പാര്‍ട്ടി ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇയാളെക്കുറിച്ചുള്ള പാര്‍ട്ടി തല അന്വേഷണം തുടങ്ങി.