ഗൊരഖ്പൂര്‍ : ഉത്തര്‍പ്രദേശിലെ ബിആര്‍ഡി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ എണ്ണം 63 ആയി. മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്‍റെ മണ്ഡലത്തിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

മരണത്തിന് ഇടയാക്കിയ സാഹചര്യം വിലയിരുത്താനായി ആരോഗ്യ മന്ത്രിയുമായി ഒരു അടിയന്തര യോഗം യോഗി ആദിത്യ നാഥ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും രാജ് ബബ്ബറും ആശുപത്രി സന്ദര്‍ശിച്ചു. കുട്ടികളുടെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് യോഗി ആദിത്യ നാഥിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലായെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും ഇവര്‍ പറഞ്ഞു.