കുന്നുമ്മല്‍ സ്വദേശി ഷൈനിന്റെ (19) മൃതദേഹവും നേരത്തെ കണ്ടെത്തിയിരുന്നു. തൊട്ടില്‍പാലം, കോതോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് പേരാണ് ഇന്നലെ പുഴയില്‍ അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്നുപേര്‍ നീന്തിരക്ഷപെട്ടു. ശാന്തമായി ഒഴുകിയിരുന്ന കടന്ത്രപ്പുഴ കണ്ടാണ് വൈകിട്ട് നാല് മണിക്ക് തൊട്ടില്‍പ്പാലത്ത് നിന്നെത്തിയ ഒന്‍പത് യുവാക്കള്‍ കുളിക്കാനിറങ്ങിയത്. പൂഴിത്തോട് വൈദ്യുത പദ്ധതി പ്രദേശവുമായി ചേര്‍ന്ന് കിടക്കുന്ന കടന്ത്രപുഴ പുഴയുടെ രൂപം പെട്ടെന്നാണ് മാറിയത്. അപ്രതീക്ഷിതമായി മഴവെള്ളം പാഞ്ഞെത്തിയപ്പോള്‍ മൂന്ന് യുവാക്കള്‍ ആദ്യ ഘട്ടത്തില്‍ തന്നെ നീന്തി കരക്കണഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

കുളിക്കാനിറങ്ങിയ മറ്റ് യുവാക്കള്‍ തിരികെ വരാതായതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ച് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ജില്ലയില്‍ തന്നെയുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ രാത്രി ഒന്‍പത് മണിയോടെ കുറ്റ്യാടിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും കനത്ത മഴയെ അവഗണിച്ചു തെരച്ചില്‍ തുടര്‍ന്നു. തൃശ്ശൂരില്‍ നിന്നുള്ള ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.