ന്യൂഡല്‍ഹി: മൂന്നടി ഉയരമുള്ള ഭീകരന്‍ ഇന്ത്യന്‍ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നു. 47 വയസ്സുള്ള നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരനാണ് കശ്മീര്‍ സൈന്യത്തിന് തലവേദനയുണ്ടാക്കുന്നത്. അടുത്തിടെ കാശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ നൂര്‍ ആണെന്നാണ് സൂചന. പുല്‍വാമ ജില്ലയിലെ ത്രാന്‍ സ്വദേശിയായ നൂര്‍ ദക്ഷിണ കശ്മീരിലെ ജെയ്‌ഷെ മൂഹമ്മദ് ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുത്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടന സജീവമാക്കാനുള്ള ശ്രമത്തിലാണ് നൂര്‍ ഇപ്പോള്‍. 2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി ബാബയുടെ അടുത്ത അനുയായി ആയിരുന്നു നൂര്‍. ഖാസി ബാബയുടെ കൊല്ലപ്പെട്ടതിന് ശേഷം 2003ല്‍ നൂര്‍ അറസ്റ്റിലായി തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
തീഹാര്‍ ജയിലിലെ തടവിന് ശേഷം ഇയാളെ ശ്രീനഗറിലെ ജയിലേക്ക് മാറ്റി. 2015 ന് ഇയാള്‍ക്ക് പരോള്‍ ലഭിച്ചു. ഇതിന് ശേഷം ജമ്മു ആന്‍ഡ് കശ്മീര്‍ കോടതി നിരവധി തവണ പരോള്‍ നീട്ടി നല്‍കി. എന്നാല്‍ മൂന്ന് മാസം മുന്‍പ് നൂര്‍ ഒളിവില്‍ പോയതായും ഭീകര സംഘടനയില്‍ ചേര്‍ന്നതായും കണ്ടെത്തി. നൂറിന്‍റെ ഉയര കുറവ് ഇയാളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.
ജമ്മുകാശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നൂറും മറ്റൊരു ജെയ്‌ഷെ പ്രവര്‍ത്തകനായ മുഫ്തി വഖാസുമാണെന്ന് പോലീസ് കണ്ടെത്തി.
