ദില്ലി: മുസ്ലിം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. ദില്ലി സ്വദേശിയും ഫോട്ടോഗ്രാഫറുമായി അങ്കിത് സക്സേനയാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്ഷത്തോളമായി യുവതിയുമായി പ്രണയത്തിലായിരുന്നു അങ്കിത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന് ഈ ബന്ധത്തില്‍ താല്‍പര്യമില്ലാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ യുവതിയുടെ പിതാവും മാതാവും അമ്മാവനും സഹോദരന്മാരും ചേര്‍ന്ന് ആക്രമിച്ചത്. പെണ്‍കുട്ടിയെ കാണാന്‍ പോവുകയായിരുന്നു യുവാവ്. നേരത്തെ ഇവര്‍ അയല്‍ക്കാരായിരുന്നു. യുവതി അങ്കിതുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ താമസം മാറുകയായിരുന്നു. നടുറോഡില്‍ വച്ച് യുവാവിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടന്നത്. അങ്കിതിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ അമ്മയെയും ആക്രമിച്ചതായി പരാതിയുണ്ട്.