മരടില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലപ്പളളി സ്വദേശി പ്രീതി മാത്യൂവിനെ കഴിഞ്ഞ ഇരുപതാം തീയതിമുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളാണ് പരാതി
നല്‍കിയത്. പണം തട്ടുന്നതിനായി ചിലര്‍ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി. ഇതേത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ്
കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഇവരെ തൃക്കാക്കരയില്‍ വാഹനത്തില്‍ കണ്ടെത്തി. മറയൂരില്‍
വില്‍പ്പനയ്‌ക്ക് വെച്ച ഒരു ഹോംസ്റ്റേ വാങ്ങാന്‍ പോയതാണെന്നും അവിടെ വെച്ച് തന്നെ ഇടപാടുകാര്‍ ബന്ദിയാക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞതായി
പോലീസ് പറയുന്നു. 64 ലക്ഷം രൂപാ നല്‍കാതെ വിട്ടയക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ സംഘത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടെത്തുകയായിരുന്നെന്നും ഇവര്‍
പോലീസിനെ അറിയിച്ചു.
ഇതേത്തുടര്‍ന്ന് കൊച്ചി സൗത്ത് പോലീസ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു പേര്‍ പിടിയിലായി.കറുകപ്പിളളി സ്വദേശി അഷ്റഫ്,
മറയൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മയില്‍, സെയ്ദ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അഞ്ചു പ്രതികള്‍ കൂടിയുണ്ടെന്നും പോലീസ്
അറിയിച്ചു. അതിനിടെ പ്രീതി മാത്യു തട്ടിപ്പ് കേസിലെ പ്രതിയാണെന്നാരോപിച്ച് ചിലര്‍ പോലീസ് സ്റ്റേഷനിലെത്തി. വാടകയ്‌ക്ക് കാറെടുത്തശേഷം പണയം വെച്ച്
വായ്‍പ തട്ടുന്ന റാക്കറ്റിലെ അംഗമാണ് ഇവരെന്നാണ് പരാതി. ദുരൂഹത ഏറെയുളള കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും പോലീസ്
അറിയിച്ചു.
