എലിപ്പനി ഭീതിയൊഴിയാതെ സംസ്ഥാനം. കോഴിക്കോടും പത്തനംതിട്ടയിലുമായി മൂന്നു പേർകൂടി ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചു. ഇതിൽ രണ്ട് പേരും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരാണ്.
കോഴിക്കോട്: എലിപ്പനി ഭീതിയൊഴിയാതെ സംസ്ഥാനം. കോഴിക്കോടും പത്തനംതിട്ടയിലുമായി മൂന്നു പേർകൂടി ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചു. ഇതിൽ രണ്ട് പേരും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരാണ്. രോഗം വ്യാപകമായി പടരുന്ന കോഴിക്കോട് ആരോഗ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന് ചേരും.
കോഴിക്കോട് കല്ലായി സ്വദേശിനി നാരായണി, എരിഞ്ഞക്കൽ സ്വദേശി അനിൽകുമാർ, പത്തനംതിട്ട അയിരൂർ സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്. ഇതിൽ അനിൽകുമാറും രഞ്ജുവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇന്നലെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിച്ച രണ്ടുപേരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. പ്രതിരോധ മരുന്നുകൾ കൃത്യമായി കഴിക്കാത്തതാണ് എലിപ്പനി പടരാൻ കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ എട്ടു പേർക്കും വയനാട്ടിൽ അഞ്ച് പേർക്കും മലപ്പുറത്ത് 13 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കളക്ടറേറ്ററിൽ ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ സംസ്ഥാനത് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നടപടികൾ ചർച്ചയാകും. കേന്ദ്ര ആരോഗ്യവകുപ്പിലെ ഡോക്ടർമാരും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദരും യോഗത്തിൽ പങ്കെടുക്കും.
