മലപ്പുറം: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ക്ക് വേട്ടേറ്റത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍  രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും വ്യക്തിവൈരാഗ്യമാണ്  കാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്‍മാന്‍, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.  

ഇന്നലെ രാത്രി പത്തരക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സംഭവം. പുത്തങ്ങാടിയില്‍വെച്ച് ജംഷീറിന് നേരെയാണ് ആദ്യം ആക്രമണമുണ്ടാകുന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ജംഷീറിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അര മണിക്കൂറിനകം സല്‍മാനും ആഷിഖിനും നേരെ ആക്രമണമുണ്ടായി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഇവരേയും ആക്രമിക്കുന്നത്.

രണ്ടിടത്തേയും അക്രമികള്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പരുക്കേറ്റ മൂന്ന് പേരും. ജംഷീറിനെയും സല്‍മാനെയും ആഷിഖിനെയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.