വ്യാജ തിരിച്ചറിയൽ രേഖകളുമായി മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു മലയാളിയും ബംഗളൂരുവിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശി മുഹമ്മദ് ഷിഹാബിനെയും കറാച്ചി സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്‍പത് മാസമായി ബംഗളൂരുവിൽ താമസിച്ചുവരികയാണെന്നും ദമ്പതികളാണെന്നും ഇവർ പൊലീസിന് മൊഴി നൽകി.

പിടിയിലായവരിൽ ഒരു സ്ത്രീയുമായി ഖത്തറിൽ വച്ച് പ്രണയത്തിലായ മലയാളി മുഹമ്മദ് ഷിഹാബ് വിവാഹം കഴിക്കാനായി ബംഗളൂരുവിൽ എത്തിയെന്നാണ് നൽകിയ മൊഴി. കുടുബത്തിന്റെ എതിർപ്പ് കാരണം സുഹൃത്തുക്കളായ പാകിസ്താനി ദമ്പതികളുടെ സഹായം തേടിയെന്നും നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിടിയിലായവർക്ക് തീവ്രവാദബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യക്കാരെന്ന് തെളിയിക്കാൻ വ്യാജരേഖകളുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുത്തു. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.