പത്തനാപുരത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

First Published 4, Mar 2018, 10:53 PM IST
three people arrested for youth death
Highlights
  • തര്‍ക്കംമൂത്ത് അടിപിടിയില്‍ എത്തുകയായിരുന്നു
  • ബോധം കെട്ട് വഴിയില്‍ കിടന്ന യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊല്ലം: പത്തനാപുരം തലവൂരിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റിൽ. ആരംപുന്ന സ്വദേശികളായ ശ്രീജിത്, സുനിൽ, സുധീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.  സുദർശനൻ, മധു എന്നിവർക്കായി പൊലീസ് തെരച്ചിൽ തുടരുന്നു.  കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

പത്തനാപുരം തലവൂർ അരിങ്ങറ പാറവിള കോളനിയിലെ കുഞ്ഞുമോന്‍റെ മകൻ ലിനിൽ എന്ന മണിക്കുട്ടനാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുനലൂർ ആരംപുന്നയിൽ വച്ച്, നരിക്കൽ സ്വദേശികളായ ഒരു സംഘവും മണിക്കുട്ടനുമായി വാക്കുതർക്കമുണ്ടായി. തർക്കം മൂത്ത് അടിപിടിയിൽ എത്തുകയും മണിക്കുട്ടന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ബോധം കെട്ട് വഴിയിൽ കിടന്ന യുവാവിനെ പൊലീസെത്തിയാണ് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ മണിക്കുട്ടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശരീരത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

 

loader