ചാവക്കാട്: ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന 35 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം പുനലൂര്‍ മില്ലിന് സമീപം കമുകിഞ്ചേരി സജികുമാര്‍ (44), തിരുവനന്തപുരം വര്‍ക്കല പാളയം കുന്ന് സ്വദേശി ബിനുമന്ദിരത്തില്‍ എസ്.കെ മണി (56), തൃശൂര്‍ കൊരട്ടി വാതല്ലൂര്‍ വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായത്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെ നഗരത്തിലെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. നിരോധിക്കപ്പെട്ട ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കെട്ടുകളിലായി മുപ്പത്തഞ്ച് ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ സജികുമാര്‍ ഗുജറാത്തില്‍ ഇലക്ട്രിക്കല്‍ കാരാര്‍ ജോലിക്കാരനാണ്. പോലീസ് പിടിച്ചെടുത്ത മുപ്പത്തഞ്ച് ലക്ഷം ഇയാള്‍ ഗുജറാത്തില്‍ നിന്നാണ് നാട്ടിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ക്ക് മണിയുമായും മണിക്ക് അഭിലാഷുമായുമുള്ള ബന്ധമാണ് മൂവരേയും ഒന്നിപ്പിച്ചത്. മുപ്പത്തഞ്ച് ലക്ഷം നിരോധിക്കപ്പെട്ട നോട്ട് നല്‍കിയാല്‍ പകരം ഏഴര ലക്ഷം അസല്‍ നോട്ട് നല്‍കാമെന്ന അഭിലാഷിന്റെ ഉറപ്പിലാണ് ഇവര്‍ ഗുരുവായൂരില്‍ ഒന്നിച്ചത്. ഗുജറാത്തില്‍ നിന്ന് ട്രയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ശേഷം ബസില്‍ കയറിയാണ് സജികുമാര്‍ ഗുരുവായൂരിലെത്തിയത്. ഗുരുവായൂരില്‍ നിന്ന് മൂവരും ചാവക്കാട് നഗരത്തിലെത്തിയതായിരുന്നു. ഗുജറാത്തില്‍ പണം ലഭിച്ച സ്രോതസും ഈ പണം കൈമാറിയാല്‍ അഭിലാഷ് എന്ത് ചെയ്യുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല.

ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരുകയാണ്. ചോദ്യം ചെയ്യലിനിടെ അഭിലാഷ് പൊലീസിനെ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. കൊരട്ടിയില്‍ തടി ബിസിനസുകാരനാണ് അഭിലാഷ്. ഇത്തരത്തില്‍ പണമിടപാട് സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എസ്.കെ.മണി വര്‍ക്കലയില്‍ ട്യൂട്ടോറിയല്‍ കൊളേജ് അധ്യാപകനാണ്. എസ്.ഐ എ.വി രാധാകൃഷ്ണന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.