കുഞ്ചിത്തണ്ണി: ഇടുക്കി കുഞ്ചിത്തണ്ണിയിൽ മരംവീണ് മൂന്ന് തോട്ടം തൊഴിലാളി സ്ത്രീകൾ മരിച്ചു. ഇരുപതേക്കർ ജോൺസൺ എസ്റ്റേറ്റിലെ തൊഴിലാളികളായ പുഷ്പ, പാണ്ടിയമ്മ, മോളി എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.30യോടെയായിരുന്നു സംഭവം. അടിമാലി കുഞ്ചിത്തണ്ണിക്ക് സമീപം ഇരുപതേക്കറിലുള്ള ജോൺസൺ എസ്റ്റേറ്റിലെ തൊഴിലാളികളും നെല്ലിക്കാട് സ്വദേശികളുമായ പുഷ്പ, പാണ്ടിയമ്മ, പൊട്ടൻകാട് സ്വദേശി മേഴ്സിയെന്ന് വിളിക്കുന്ന മോളി ഷാജി എന്നിവരാണ് മരം ദേഹത്ത് വീണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന ഏലത്തോട്ടത്തിന് സമീപത്തെ ഉണക്കമരം കടപുഴകി വീഴുകയായിരുന്നു.

മരിച്ച മൂന്ന് പേരുൾപ്പെടെ 7 പേർ ഇതിനിടയിൽപ്പെട്ടു. പുഷ്പയും പാണ്ടിയമ്മയും തൽക്ഷണം മരിച്ചു. തോട്ടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് മരം മാറ്റി. മേഴ്സിയുൾപ്പെടെ പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. 

ഗുരുതരമായി പരുക്കേറ്റ മോളിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.