തമിഴ്നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ

എറണാകുളം: മൂവാറ്റുപുഴയിൽ കട കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും 2500രൂപയും കവർന്ന തമിഴ്നാടു സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. വാടക കാറിലെത്തി മോഷണം നടത്തിയ അഭിഭാഷകനടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴ പോലീസിന്ടെ പിടിയിലായത്. ഇവർ കേന്ദ്രീകരിച്ചിരുന്ന പിറവത്തെ വീട്ടിൽ നിന്നും മുഖംമൂടികളും ആയുധങ്ങളും കണ്ടെടുത്തു.

മധുരൈയിലെ അഭിഭാഷകനായ ജി മായാണ്ടി, തട്ടാംകുളം സ്വദേശി അജിത്കുമാർ, ചെന്നൈ സ്വദേശി കാർത്തിക് എന്നിവരാണ് പിടിയിലായത്. മായാണ്ടി, കാർത്തിക് എന്നിവരെ തിരുപ്പതിയിൽ നിന്നും അജിത്കുമാറിനെ കോയമ്പത്തൂരു നിന്നുമാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കട്ടപ്പന സ്വദേശിയായൊരു കൂട്ടു പ്രതി കൂടി പിടിയിലാകാനുണ്ട്. മോഷണം നടന്ന കടയുടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ കണ്ട കാറിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിനു തുമ്പായത്. പിറവത്ത് താമസിച്ച് സംസ്ഥാനമൊട്ടുക്ക് വൻ മോഷണമായിരുന്നു സംഘത്തിന്ടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

കാർത്തിക്കും അജിത്കുമാറും തമിഴ്നാട്ടിലെ നിരവധി കേസുകളിലും പ്രതിയാണ്. ഇവരെ ഉപയോഗിച്ച് മോഷണ പരമ്പരക്കുളള പ്ദ്ധതി തയ്യാറാക്കിയത് അഭിഭാഷകനായ മായാണ്ടിയും മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിട്ടുളള കട്ടപ്പന സ്വദേശിയും ചേർന്ന്. ഇതിനായ് എറണാകുളത്ത് നിന്ന് കാർ വാടകക്കെടുത്തതും മായാണ്ടിയാണ്.