Asianet News MalayalamAsianet News Malayalam

കശ്‍മീരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

three terrorists killed in sujwan terror attack
Author
First Published Feb 11, 2018, 12:00 AM IST

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ സു‍ജ്‍വാന്‍ സൈനിക ക്യാമ്പിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. ശനിയാഴ്ച രാത്രിയും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനിക വേഷത്തിലെത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക ക്യാമ്പ് ആക്രമിച്ചത്. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കുനേരെയായിരുന്നു ആദ്യം ആക്രമണം നടത്തിയത്. ഇതില്‍ സ്‌ത്രീകളും കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക ഓഫീസര്‍ മദന്‍ ലാല്‍ ചൗധരി, സൈനികനായ അഷ്‌റഫ് അലി എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും ജമ്മു കശ്‍മീര്‍ സ്വദേശികളാണ്. 

മദന്‍ ലാല്‍ ചൗധരിയുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. 150 ഓളം കുടുംബങ്ങളാണ് സൈനിക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്നത്. സൈനികരുടെ കുടുംബാംഗങ്ങളെ വളരവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞതിനാലാണ് വന്‍ അത്യാഹിതം ഒഴിവായത്.

Follow Us:
Download App:
  • android
  • ios