ശ്രീനഗര്‍: ജമ്മുകശ്മീരിലെ സു‍ജ്‍വാനില്‍ കരസേന ക്യാമ്പ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ജമ്മു കശ്‍മീര്‍ സ്വദേശികളായ സൈനിക ഓഫീസര്‍മാരായ മദന്‍ ലാല്‍ ചൗധരി, അഷ്‌റഫ് അലി എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.