കടയ്ക്കല്‍: കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ രോഗികള്‍ ചമഞ്ഞെത്തി രോഗിയുടെ മാല കവര്‍ന്ന മൂന്ന് കോയമ്പത്തൂര്‍ സ്വദേശിനികള്‍ പിടിയില്‍. ആശുപത്രി സുരക്ഷാ ജീവനക്കാരാണ് യുവതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോയമ്പത്തൂര്‍ പുക്കടം വില്ലേജില്‍ മുരുകന്‍ കോവില്‍ തെരുവില്‍ മീന (34), ജ്യോതി (30), ശാന്തി (36) എന്നിവരാണു പിടിയിലായത്. ചൊവാഴ്ച രാവിലെയാണ് സംഭവം.

ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ദര്‍പ്പക്കാട് സ്വദേശി റഷീദാ ബീവിയുടെ രണ്ടര പവന്‍ സ്വര്‍ണമാലയാണു കവര്‍ന്നത്. നല്ല വേഷത്തില്‍ വന്ന് രോഗികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മോഷണം.

പിടിയിലായപ്പോള്‍ മുടി അഴിച്ചിട്ടു നിലവിളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. താലിയുള്‍പ്പെടെ മാലയും 720 രൂപയും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ഇവര്‍ നല്‍കിയ മേല്‍വിലാസത്തില്‍ സംശയമുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നു സംശയിക്കുന്നു. മുന്‍പും താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ മാല കവര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ട്.