അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും പതിയും. എത്ര ദൂരം ആക്സിലേറ്റർ പെഡൽ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആർ ശേഖരിക്കും.
കൊച്ചി : മൂന്നുപേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ വാഹനത്തിൻറെ ഇവൻറ് ഡാറ്റാ റെക്കോഡർ പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറിൽ നിന്നും തിരിച്ചറിയാം. അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും പതിയും. എത്ര ദൂരം ആക്സിലേറ്റർ പെഡൽ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആർ ശേഖരിക്കും.
പ്രതിയായ ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈൽ സജീവ് (19) റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം. അമിത വേഗതയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാഹനത്തിന്‍റെ ഇവന്‍റ് ഡാറ്റാ റെക്കോഡറും പരിശോധിക്കും. സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സുഹൈൽ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ പൊലീസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ പുലർച്ചെ 1:45 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ മൂഴിയൽ ഭാഗത്ത് അപകടം ഉണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്ന് പേരെ, പിന്നാലെ അമിതവേഗതയിൽ വന്ന മിനി കൂപ്പർ ആഡംബര കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തൃക്കാക്കരയിലെ ഒരു സ്വകാര്യ ഹാൻഡിക്രാഫ്റ്റ്/ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്ന ദേവിക (21) , ഗോപിക (22) , ഇജാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്കൂട്ടറിനെ ഏകദേശം 100 മീറ്ററോളം ദൂരം കാർ വലിച്ചിഴച്ചതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. കാറോടിച്ചിരുന്ന ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈൽ സജീവ് (19) എന്ന ബി.കോം വിദ്യാർത്ഥിയെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാരോട് "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും" എന്ന് പറഞ്ഞ് പ്രതി തട്ടിക്കയറുകയും ചെയ്തിരുന്നു.


