ഭുവനേശ്വര്‍: ഒഡീഷ അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തില്‍ കുഴല്‍ കിണറില്‍ വീണ മുന്നുവയസുകാരിയെ ഏഴുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. സന്താഷ് സാഹുവിന്റെ മകള്‍ രാധാ സാഹു എന്ന പെണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ ഒമ്പതുമണിക്കാണ് കളിക്കിടെ രാധാ സാഹു കുഴല്‍കിണറിനുള്ളില്‍ വീണത്. 

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45 ന് രക്ഷപ്പെടുത്തിയതായി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ബി.കെ.ശര്‍മ്മ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 15 അടിയോളം താഴ്ചയുള്ളതാണ് കുഴല്‍ കിണര്‍. ഇതിന്റെ ആറടിയോളം താഴെയാണ് കുട്ടി കുടുങ്ങി കിടന്നത്. തുടര്‍ന്ന് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രി ധരമേന്ദ്ര പ്രധാന്‍ എന്നിവര്‍ ആശ്വാസം രേഖപ്പെടുത്തി.