ആലപ്പുഴ ജില്ലയിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി, വൺ ഹെൽത്ത് ആശയം അടിസ്ഥാനമാക്കി സമൂഹ അധിഷ്ഠിത ബോധവത്കരണത്തിലൂടെ ദേശീയ ശ്രദ്ധ നേടി.
തിരുവനന്തപുരം: മികച്ചതും ആവർത്തിക്കാവുന്നതുമായ രീതികളെക്കുറിച്ചുള്ള 10-ാമത് ദേശീയ ഉച്ചകോടിയായ ഗുഡ് ആൻറ് റെപ്ലിക്കബിൾ പ്രാക്ടീസിൽ അവതരിപ്പിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അമരം (AMARAM - Antimicrobial Resistance Awareness and Mitigation Programme) പദ്ധതി. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ്മ ആലപ്പുഴ ജില്ലയിൽ വിജയകരമായി നടപ്പാക്കിയ അമരം പദ്ധതി അവതരിപ്പിച്ചു. പദ്ധതി ദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടുകയും പല സംസ്ഥാനങ്ങളും ഏറ്റെടുക്കുകയും ചെയ്തു.

കേരളം എഎംആർ പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തുന്ന സുപ്രധാനമായ ഇടപെടലുകളിലൊന്നാണ് ആലപ്പുഴയിലെ അമരം പദ്ധതി. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ സമൂഹ അധിഷ്ഠിത ബോധവത്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ആരോഗ്യ രംഗത്തും തദ്ദേശസ്വയംഭരണ മേഖലയിലും മാതൃകാപരമായ ഇടപെടലുകളാണ് നടപ്പാക്കിയത്. വൺ ഹെൽത്ത് ആശയം അടിസ്ഥാനമാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി മുന്നേറിയത്.
പ്രാദേശിക ഇടപെടലുകളിലൂടെ ജില്ലയിൽ മാതൃകാപരമായ എഎംആർ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ ഘട്ടത്തിൽ 12 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിച്ചത്. തെരഞ്ഞെടുത്ത ആശുപത്രികളെ ആന്റിമൈക്രോബിയൽ സ്മാർട്ട് ആശുപത്രികളായും തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളെ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളായും സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എഎംആർ ബോധവത്കരണ പ്രവർത്തന കലണ്ടർ അനുസരിച്ച് സംഘടിപ്പിച്ച സമൂഹ അധിഷ്ഠിത ക്യാമ്പയിനുകൾ പദ്ധതിയുടെ അടിത്തറ ശക്തമാക്കി.
പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി. ആശുപത്രികളിൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻറ് കൺട്രോൾ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങൾ, കൈകളുടെ ശുചിത്വം, ഭക്ഷ്യ-പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, നവജാത ശിശു പരിചരണം, പാലിയേറ്റീവ് രോഗി പരിചരണം തുടങ്ങിയ ബൃഹത്തായ പരിപാടികളാണ് സംഘടിപ്പിച്ചത്.
ആദ്യഘട്ടത്തിൽ പരിശീലനത്തിനും ബോധവത്കരണത്തിനും അണുബാധ നിയന്ത്രണത്തിനും മുൻഗണന നൽകി. പിന്നീട് സർവേ നടത്തി അവബോധം വിലയിരുത്തി. പോസ്റ്റ്-ഇന്റർവെൻഷൻ വിലയിരുത്തലിൽ ആശുപത്രികൾ 100 ശതമാനം മാനദണ്ഡങ്ങളും തദ്ദേശസ്വയംഭരണ മേഖലകൾ 90 ശതമാനം മാനദണ്ഡങ്ങളും കൈവരിച്ചു. രണ്ടാം ഘട്ടത്തിൽ കൂടുതൽ ശക്തമായ ബോധവത്കരണ പരിപാടികളും ആശുപത്രി അധിഷ്ഠിത ഇടപെടലുകളും നടപ്പാക്കി.
സംസ്ഥാനത്തെ 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളിൽ 4 എണ്ണം ആലപ്പുഴ ജില്ലയിൽ നിന്നുള്ളവയാണ്. 14 ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് സ്ഥാപനങ്ങളാക്കി. ജില്ലയിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി നടപ്പിലാക്കിയത്.


