തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവത്തിന് കൊടിയേറി. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രസ്ഥാനമായ തൃക്കാക്കരയിൽ 10ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുന്നത്.
കൊടിയേറ്റ് കഴിഞ്ഞു, ഇനി തൃക്കാക്കരയിൽ ഉത്സവത്തിന്‍റെ നാളുകൾ. വിഷ്ണുവിന്‍റെ അവതാരമായ വാമനന്‍റെ പാദം പതിഞ്ഞ ഇടമാണ് തൃക്കാൽക്കരയെന്ന തൃക്കാക്കരയെന്നാണ് വിശ്വാസം. വിഷ്ണുവിനെ വാമന രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കരയിലേത്. മഹാബലി ആരാധന നടത്തിയിരുന്നയിടമാണ് തൃക്കാക്കര ശിവക്ഷേത്രമെന്നാണ് ഐതിഹ്യം. മാവേലിയെ സ്വീകരിക്കാൻ പൂക്കളത്തോടൊപ്പം തൃക്കാക്കരയപ്പനെയും വയ്ക്കുന്ന പതിവുണ്ട്.
ഉത്സവനാളുകളിൽ പ്രത്യേക പ്രാർത്ഥനകളുണ്ട് തൃക്കാക്കര ക്ഷേത്രത്തിൽ . ഉത്രാടദിനത്തിൽ പകൽപ്പൂരവും പള്ളിവേട്ടയും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങുണ്ട്. പിന്നാലെ തിരുവോണ സദ്യയും കലാപരിപാടികളും കരിമരുന്ന് പ്രയോഗവും. 10നാൾ നീളുന്ന ഉത്സവത്തിന് ഇതോടെ പരിസമാപ്തിയാകും.
