രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-തെങ്കാശി അന്തര്‍ സംസ്ഥാന പാത അപകടാവസ്ഥയിലേക്ക്. വാമനപുരം നദിയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നത് പാലോട് ഭാഗത്തെ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനും തിരിച്ചടിയായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍. മഴ ശക്തമാകുന്നതോടെ പ്രദേശത്ത് മണ്ണിടിച്ചിലിനും റോഡ് തകരാനും സാദ്ധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. മുമ്പ് റോഡ് ഇടിഞ്ഞ് ഇവിടെ ഒരു കാര്‍ ഒഴുകിപ്പോയിരുന്നു. സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി ഇറക്കിയിരുന്ന മണ്ണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒലിച്ചുപോയി. കനത്ത മഴയില്‍ ഇനിയും മണ്ണിടിഞ്ഞാല്‍ ഗതാഗതം തടസപ്പെടും.
4.9 കോടി രൂപ ചെലവിട്ടാണ് അന്തര്‍സംസ്ഥാന പാതയ്‌ക്ക് സമാന്തരമായി നൂറ് മീറ്ററോളം നീളത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നത്. മേയ് ആദ്യം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ പലകാരണങ്ങള്‍ പറഞ്ഞ് ഇത് നീണ്ടു. മഴക്കാലമെത്തിയതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടരാന്‍ കഴിയാതെയുമായി. നിര്‍മ്മാണം അട്ടിമറിക്കാന്‍ മരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഗൂഢാലോചന നടന്നതായും എസ്റ്റിമേറ്റ് തുക ഉയര്‍ത്തി ലാഭം കൊയ്യാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും നാട്ടുകരാര്‍ക്ക് ആക്ഷേപമുണ്ട്.



